ആലപ്പുഴ: കരാർ വ്യവസ്ഥയനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ അനുവദിച്ച കാലാവധി പിന്നിട്ടിട്ടും ആലപ്പുഴ ബീച്ച് നവീകരണം ഇഴയുന്നു. കഴിഞ്ഞ എട്ടു മാസം കൊണ്ട് പദ്ധതിയുടെ 10 ശതമാനം നിർമാണം പോലും പൂർത്തിയായില്ല. ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ തുടങ്ങിയ പദ്ധതി കൽക്കെട്ട്, കുഴിയെടുക്കൽ എന്നിവയിൽ ഒതുങ്ങിയിട്ട് മാസങ്ങളായി.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ 2.0 ൽ 93.177 കോടി രൂപ വിനിയോഗിച്ച് ചെയ്യുന്ന ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിയിൽ ഒന്നാണ് 24.45 കോടി രൂപയുടെ ബീച്ച് നവീകരണം.
നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്സ്കേപ്, ദീപാലങ്കാരങ്ങൾ, പാർക്കിംഗ് മൈതാനം, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, പ്രദർശന വേദികൾ, കായിക വേദി കൾ, മാലിന്യ സംസ്കരണ സംവിധാനം, സിസിടിവികൾ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പദ്ധതി. 2025 സെപ്റ്റംബറിൽ നിർമാണം തുടങ്ങുമ്പോൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
ബീച്ചിന്റെ വടക്കേയറ്റത്തെ നടപ്പാത, ലാൻഡ്സ്കേപ് തുടങ്ങിയവയ്ക്കുള്ള കല്ലുകെട്ടി, പലയിടങ്ങളിലായി കുഴികളെടുത്ത് റിംഗുകൾ ഇറക്കിയിരിക്കുകയാണ് ഇപ്പോൾ. തെക്കേയറ്റം കാറ്റാടി ബീച്ചിനോട് ചേർന്നു കല്ലുകെട്ടി തിരിച്ചു. കല്ലും മെറ്റലും മണലും പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്.
തീരദേശ റോഡും ബീച്ചിലേക്ക് പ്രവേശിക്കാനുള്ള വഴികളും അടച്ച് ബൈപാസ് നിർമാണ സാമഗ്രികൾ വച്ചിരിക്കുകയാണ്. ഇതോടെ ബീച്ചിലേക്ക് വരുന്നതിനും പോകുന്നതിനും പ്രയാസം നേരിടുന്നതായി വിനോദസഞ്ചാരികളും നാട്ടുകാരും പറയുന്നു.
സമയം തെറ്റുന്ന നിർമാണം കാരണം വിജയ് ബീച്ച് പാർക്കിൽ ആളു കയറാതായിട്ട് മൂന്നു വർഷമായി. ബൈപാസ് നിർമാണവും ബീച്ച് നവീകരണ പ്രവൃത്തികളും തടസം സൃഷ്ടിച്ചതോടെ അവധിക്കാലത്ത് ഒട്ടേറെ കുട്ടികൾ വരുമായിരുന്ന പാർക്കിൽ വളരെ കുറച്ചുപേർ മാത്രമേ എത്തുന്നുള്ളൂ.
പദ്ധതി തുടങ്ങാൻ വേണ്ടി റോഡിനോട് ചേർന്നു കച്ചവടം നടത്തിയിരുന്ന 112 വ്യാപാരികളെ തീരത്തേക്കു മാറ്റിയിരുന്നു. ഇതോടെ ഇവരുടെ കച്ചവടം കുറഞ്ഞു. കടലാക്രമണമുണ്ടായാൽ ആളുകൾ ബീച്ചിലേക്ക് വരാതാകുന്നതോടെ കച്ചവടം മുടങ്ങുമെന്നും വ്യാപാരികൾ പറയുന്നു.